ഇരുമ്പ് മണ്ണിലെ സദാചാര ബോധ്യങ്ങൾ
സ്ത്രീ - പുരുഷ അനുപാതം രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം. ലിംഗ നീതി എന്നത് പലപ്പോഴും നമ്മുടെ സമൂഹത്തിൽ ചർച്ചയക്ക് വിധേയമാകുന്ന ഒരു വിഷയം കൂടിയാണ്. പലപ്പോഴും അതിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെയാണ്. എന്നാൽ നമ്മുടെ രാജ്യത്തിലെ ഗോത്ര സമൂഹങ്ങളിൽ നിലനിൽക്കുന്ന ലിംഗ നീതിയെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞുവരുന്നത് ഛത്തീസ്ഗഢിലെ പ്രമുഖ ഗോത്രങ്ങളായ ഗോണ്ട്, മഡിയ, മുറിയ തുടങ്ങിയ സമൂഹങ്ങളിൽ നിലവിലുള്ള ഘോട്ടുൽ സമ്പ്രദായത്തെ പറ്റിയാണ്.
എന്താണ് ഘോട്ടുൽ?
കൗമാരപ്രായം എത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുളള റെസിഡൻഷ്യൽ സ്കൂളുകളാണ് ഓരോ ഘോട്ടുൽ വീടുകളും.അവിടെ കുട്ടികൾ പാട്ടും, നൃത്തവും,സാമുഹിക ചർച്ചകളും മുതൽ ലൈംഗിക ബന്ധത്തിന്റെ പുതിയ അറിവുകളും നേടിയാണ് പഠനം പൂർത്തിയാക്കുന്നത്. രക്ഷിതാക്കൾക്കോ, പുറത്ത് നിന്നുളളവർക്കോ ആ പരിസരത്തേക്ക് പോലും പ്രവേശനമില്ല.
എന്താണ് ഘോട്ടുൽ സമ്പ്രദായത്തിൻ്റെ അടിസ്ഥാനം?
ലിംഗോ എന്ന ദൈവമാണ് ഓരോ ഘോട്ടുൽ വീടിൻ്റെയും സംരക്ഷകൻ. അവിടെ കഴിയുന്ന ആൺകുട്ടികൾ ചേലിക്കും പെൺകുട്ടികൾ മോട്ടിയാരിയും ആണ്. ലൈംഗികത എന്നത് കൗമാരത്തിൽ തന്നെ ഒരുമിച്ച് അനുഭവിച്ച് അറിയേണ്ടതാണ് എന്നുള്ള ലളിതമായ ബോധ്യമാവാം ഇങ്ങനൊരു സമ്പ്രദായം ഉരുത്തിരിഞതിന്റെ പിന്നിൽ.അതുകൊണ്ടാവണം ഇവയെല്ലാം ഉൾകൊള്ളുന്ന ബസ്തർ ഗോത്രത്തിൽ പൊതുവേ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ കുറവാണ്.
ഘോട്ടുൽ അംഗങൾക്ക് സ്ഥിരം ഇണകൾ പാടില്ല എന്നതും ഒരു പ്രത്യേകതയാണ്.മൂന്ന് ദിവസത്തിൽ അധികം ഒരു ഇണയുമായി കഴിയാൻ സാധിക്കില്ല.പോളിഗാമി എന്നത് പല ഗോത്രങ്ങളിലും പിൻതുടരുന്ന ഒന്നാണെങ്കിലും പൊതുവേ സ്ത്രീകൾ തീരുമാനം എടുക്കുന്ന, നയിക്കുന്ന സംസ്കാരങ്ങൾ നന്നേ കുറവാണ്. ബസ്തറിന്റെ തനതു മദ്യമായ മൗവ്വ(മഹുവ), വാറ്റുന്നത് മുതൽ ആഴ്ച ചന്തകളിലെ തിരക്ക് കഴിഞ്ഞാൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന സ്ത്രീ പങ്കാളിത്തം ഗോത്ര ജീവിതത്തിൻ്റെ ഒരു തനതു കാഴ്ചയാണ്.
ആദിമ മനുഷ്യരുടെ വേരുകളിലെ മൂല്യങ്ങൾ പിന്തുടരുന്ന ഒരു ജനതയുടെ സംസ്കാരം ഇന്ന് നിലനിൽപ്പിൻ്റെ ഭീഷണിയിലാണ്. കാലങ്ങളായി തുടരുന്ന ഈ ആചാരത്തെ പോക്സോ നിയമത്തിൻ്റെ മറവിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആധുനിക 'സദാചാര' വാദികളും ഇന്ന് ഏറെയാണ്.