ഔട്ട്ഡോർ പരിപാലനത്തിലെ 'ഇൻഡോർ' മാതൃകകൾ

ഔട്ട്ഡോർ പരിപാലനത്തിലെ 'ഇൻഡോർ' മാതൃകകൾ

വൃത്തിയുള്ള അന്തരീക്ഷം, വൃത്തിയുള്ള തെരുവുകൾ , വൃത്തിയുള്ള വഴിയോര ഭോജനശാലകൾ ഇവയെല്ലാം ഒരു ആധുനിക മനുഷ്യൻ്റെ ജീവിത നിലവാരത്തിൻ്റെ അളവുകോൽ ആണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഉന്നത ജീവിത നിലവാരത്തിൻ്റെ കാരണവും അത് തന്നെയാണ്.

പറഞ്ഞുവരുന്നത് ഇന്ത്യയിൽ അത്തരത്തിൽ  നേട്ടം കൈവരിച്ച ഒരു നഗരത്തെ പറ്റിയാണ്. മധ്യപ്രദേശിന്റെ വാണിജ്യ തലസഥാനമായ 'ഇൻഡോർ'. എങ്ങനെയാണ് ഇൻഡോർ തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി നിലകൊള്ളുന്നത് ?

എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും പോലെ മാലിന്യ കൂമ്പാരത്തിൻ്റെ നടുവിൽ ഉറങ്ങിയിരുന്ന ഒരു കാലം ഇൻഡോറിനും ഉണ്ടായിരുന്നു. എന്നാൽ  ആ ഭൂതകാലത്തെ എന്നേക്കുമായി കുഴിച്ചുമൂടി  മാലിന്യ നിർമാർജനത്തിൽ  ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്  ഇൻഡോർ. ശാസ്ത്രീയമായ മാലിന്യ നിർമാർജന രീതികളുടെ അവലംബനത്തിൽ കാണിച്ച ജാഗ്രതയും അതിലെ നൈരന്തര്യവുമാണ് ഈ നേട്ടത്തിൻ്റെ കാതൽ.

ആദ്യമായി എങ്ങനെയാണ് മാലിന്യങ്ങളെ പട്ടികപെടുത്തിയിരിക്കുനത് എന്ന് നോക്കാം.നഗരത്തിൽ ഉദ്പാദിപ്പിക്കുന്ന മൊത്തം മാലിന്യങ്ങളെ ആറ്  തരത്തിൽ വേർതിരിച്ചിരിക്കുന്നു.
1. ഖര മാലിന്യങ്ങൾ
2. ദ്രവ മാലിന്യങ്ങൾ
3. പ്ലാസ്റ്റിക് മാലിന്യങ്ങൾ
4. ഇലക്ട്രോണിക് മാലിന്യങ്ങൾ
5. സാനിറ്ററി മാലിന്യങ്ങൾ
6. ഗാർഹിക മാലിന്യങ്ങൾ

ദ്രവ രൂപത്തിലുള്ള മാലിന്യങ്ങൾ പൊതുവേ  അടുക്കളയിൽ നിന്നും പുറം തള്ളുന്ന പാഴ് വസ്തുക്കൾ/പച്ചകറികൾ ആണ്. അവയിൽ  ഉദ്പാദിക്കപെടുന്ന ബയോ സിഎൻജി ഉപയോഗിച്ചാണ് പൊതുഗതാഗത സംവിധാനം പ്രവർത്തിക്കുന്നത്. ബാക്കി വരുന്ന ദ്രവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാറാണ് പതിവ്. ചെടികൾക്കും മറ്റും വളമായി അവ ഉപയോഗിക്കുന്നു.

എന്നാൽ പുനരുപയോഗത്തിന് സാധ്യമായ ഖര, പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാവിധം സംസ്കരിക്കാൻ പറ്റുന്ന രീതിയിൽ പ്ലാൻ്റുകൾ ഇൻഡോർ മുൻസിപ്പാലിറ്റി കോർപറേഷന് (IMC) ഇന്ന് സ്വന്തമായിട്ടുണ്ട്. വീടുകൾ തോറും മാലിന്യങ്ങൾ  ശേഖരിക്കുന്നതിൻ്റെ ഭാഗമായി രണ്ട് വാർഡുകളിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇന്ന് 850 ഓളം ലോറികൾ മാലിന്യ ശേഖരണത്തിനായി മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഇവയിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളെ യഥാവിധം തരം തിരിക്കുന്നതിനും, ഓരോ പട്ടികയിൽ പെടുന്നവയെ വിവിധ സ്ഥലങ്ങിലേക്ക് അയക്കുനതിനും, തെരുവോരങ്ങൾ വൃത്തിയാക്കുന്നതിനും അങ്ങനെ മൊത്തം 8500 ഇൽ പരം തൊഴിലാളികൾ IMC യുടെ ഭാഗമായി ഇന്ന് ജോലി ചെയ്യുന്നു.

നഗര ശുചീകരണത്തിൽ എടുത്തുപറയേണ്ട മറ്റൊരു കൂട്ടരാണ് മുൻനിര ജോലിക്കാരായ ശുചീകരണ തൊഴിലാളികൾ. ദിവസവും മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ഇവർ നഗരത്തിന്റെ ഓരോ മൂലകളും വൃത്തിയായി സൂക്ഷിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതിനെല്ലാം പിന്തുണയായി നിന്ന പൊതുജനങ്ങളും പങ്കും ശ്ലാഘനീയമാണ്.ഇൻഡോർ ഒരു മാതൃകയാണ്. എല്ലാ ഇന്ത്യൻ നഗരങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു മാതൃക.
വർധിച്ചുവരുന്ന കേരളത്തിൻ്റെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരമായി വർത്തിക്കാൻ ഈ മാതൃകയക്ക് സാധിക്കും.

കേരളത്തിലെ പഞ്ചായുത്തുകൾ 2016 മുതൽ നടപ്പാക്കിപോരുന്ന ഒന്നാണ് 'ഹരിതകർമസേന' എന്ന പദ്ധതി. നഗര-ഗ്രാമ  ശുചിത്വം ലക്ഷ്യമാക്കി ആരംഭിച്ച ഈ പദ്ധതി ആരംഭത്തിൽ തന്നെ പല എതിർപ്പുകളും നേരിട്ടാണ് മുന്നോട്ട് പോയത്.മുകളിൽ സൂചിപ്പിച്ച പോലെ ഇൻഡോർ ഇന്നത്തെ ഇൻഡോർ ആയതിൽ അവിടുത്തെ ജനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. മാലിന്യം സംസ്കരിക്കുക എന്നത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട ഒന്നാണ്.