രാഷ്ട്രീയത്തിന്റെ കളിപ്പാവകളോ ജാതിയും മതവും

രാഷ്ട്രീയത്തിന്റെ കളിപ്പാവകളോ ജാതിയും മതവും
Image Generated By AI

കുറച്ചു വർഷങ്ങൾക്ക് മുൻപത്തെ നമ്മുടെ നാടുകൾ ഓർക്കുന്നുണ്ടോ? ഹിന്ദു എന്നോ, മുസൽമാൻ എന്നോ, ക്രിസ്ത്യാനി എന്നോ വ്യത്യാസമില്ലാതെ ഒരുമയോടെ ജീവിച്ച ഒരു കാലം നമുക്കുണ്ടായിരുന്നു. അമ്പലപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും ഉത്സവപ്പറമ്പുകളിലുമെല്ലാം ഒരുമിച്ച് കൂടിയിരുന്ന മൂന്ന് മതസ്ഥർ ഇന്ന് പലവഴിയായി പിരിഞ്ഞു, എന്തിന്റെയൊക്കെയോ പേരിൽ പരസ്പരം കലഹിക്കുന്നു. ഈ മാറ്റം നമ്മെ ചിന്തിപ്പിക്കേണ്ട ഒന്നാണ്.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാർക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നത് ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഐക്യമായിരുന്നു. എന്നാൽ ഇന്ന്, അതേ രണ്ട് വിഭാഗങ്ങൾ പലപ്പോഴും രണ്ട് ചേരികളിലാണ്. തീർച്ചയായും, ഇങ്ങനെയൊന്നുമല്ലാതെ എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന നല്ല മനസ്സുള്ള ധാരാളം ആളുകൾ ഇപ്പോഴുമുണ്ട്.


ഒരുപക്ഷേ, ഇതൊക്കെ രാഷ്ട്രീയത്തിന്റെ പേരിൽ, വോട്ട് ബാങ്കുകൾക്ക് വേണ്ടി ചെയ്യുന്ന നീചമായ പ്രവൃത്തികളാണോ? "ഭിന്നിപ്പിച്ച് ഭരിക്കുക" എന്ന ബ്രിട്ടീഷ് തന്ത്രം നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്തിരിക്കുകയാണോ? ജനങ്ങളായ നമ്മൾ തന്നെ തീരുമാനിക്കണം, ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്ന്.


എന്റെ പ്രായം വെറും 21 വയസ്സാണ്. പക്ഷേ, എഴുപതും അതിലധികവും വയസ്സുള്ളവർ അവരുടെ കാലഘട്ടത്തിലെ മതസൗഹാർദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി നാമം ജപിക്കുന്ന ഹൈന്ദവ വീടും, അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം വീടും, എന്നും കുരിശു വരയ്ക്കുന്ന ക്രൈസ്തവ വീടും എല്ലാം ഒരു കുടുംബം പോലെയായിരുന്നു അന്ന്. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാവരും അവരവരുടെ കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നു.


നമ്മൾ പോലും അറിയാതെ, ആരോ എന്തിനോ വേണ്ടി നമ്മളിലേക്ക് കുത്തിവെച്ച വിഷമാണ് ഈ വർഗീയത. ഈ വരുന്ന പുതിയ തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ, മാറ്റത്തിന് വഴിയൊരുക്കട്ടെ എന്ന് നമുക്ക് വിശ്വസിക്കാം

ഒരൽപം പ്രതീക്ഷയോടെ...