ഡിസ്ലെക്സിയ സൗഹൃദമാകേണ്ട ക്ലാസ്സ്റൂമുകൾ

ഡിസ്ലെക്സിയ സൗഹൃദമാകേണ്ട ക്ലാസ്സ്റൂമുകൾ

രാജു സ്ഥിരമായി കണക്ക് പരീക്ഷക്ക് തോൽക്കുന്നത് ക്ലാസ്സിൽ പതിവായിരുന്നു.പലപ്പോഴും പരീക്ഷക്ക് അവന് കിട്ടുന്ന മാർക്ക് പത്തിൽ താഴെയായിരിക്കും.അങ്ങനെയിരിക്കെ കണക്ക് അധ്യാപികയായ രാധാമണി ടീച്ചർ അവൻ്റെ അമ്മയോടും അച്ഛനോടുമായി പറഞ്ഞു, 'ഇവനെ കൊണ്ട് ക്ലാസ്സിൽ ശല്യം ഒന്നുമില്ല, എങ്കിലും കണക്കിലും ഇംഗ്ലീഷിലും പിന്നോട്ടാണ്.പഠിക്കാൻ കഴിവുണ്ട്. "ശ്രദ്ധകുറവ് തന്നെ വേറെ ഒന്നും അല്ല". ഇതേ അഭിപ്രായം മുൻപ് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചറും പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങൾ വായിക്കുമ്പോൾ ഉള്ള രാജുവിൻ്റെ ശ്രദ്ധകുറവിനെപറ്റി. പലപ്പോഴും 'b' എന്ന അക്ഷരം 'd' ആയി ഉച്ചരിക്കുന്നു'.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും കണ്ടെത്താൻ കഴിയുന്ന രണ്ട് കഥാപാത്രങ്ങളാണ്,ഇത്തരം അജ്ഞത അനുഗ്രഹമായി കൊണ്ടുനടക്കുന്ന  രാധാമണി ടീച്ചർമാരെയും, രാജുവിനെ പോലുള്ള വിദ്യാർത്ഥികളെയും.യഥാർത്ഥത്തിൽ ഇവിടെ എന്താണ് പ്രശ്നം. ആരാണ് മേൽപറഞ്ഞ അജ്ഞതയുടെ ഹേതു?
രാജുവോ അതോ രാധാമണി ടീച്ചറോ?

പലപ്പോഴും ക്ലാസ്സ്റൂമുകളിൽ പരിഗണന കിട്ടാതെ പോകുന്ന ഒരു വിഷയം ആണ് 'ഡിസ്ലെക്സിയ'.അക്ഷരങ്ങൾ വായിക്കുമ്പോൾ തലതിരിഞ്ഞ് പോകുന്ന (രാജുവിൻ്റെ) മസ്തിഷ്കത്തിന്റെ  'ശേഷിയെ' പലപ്പോഴും ഡിസ്ലെക്സിയുടെ ലക്ഷണമായി കണക്കാക്കാറുണ്ട്.ഡിസ്ലെക്സിയ എന്നത് ഒരു ലേണിംഗ് ഡിസെബിലിറ്റിയാണ്. അക്ഷരങ്ങൾ തിരിഞ്ഞു പോകുന്നത്, സംഖ്യകളെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ, ഇടതും, വലതും നിർണ്ണയിക്കാൻ എടുക്കുന്ന താമസം ഇവയൊക്കെ ഡിസ്ലെക്സിയുടെ ലക്ഷണങ്ങൾ ആണ്.

എന്താണ് ഇതിന് പരിഹാരം?
ഡിസ്ലെക്സിയക്ക് പൂർണമായ ഒരു പരിഹാരം ഇല്ല എന്നുള്ളതാണ് ഒരു വസ്തുത. പരിശീലനത്തിലൂടെ പലതും മറികടക്കാൻ സാധിക്കും എന്നത് ഒഴിച്ച് നിർത്തിയാൽ പൂർണമായ ഒരു പരിഹാരം ഡിസ്ലെക്സിയക്ക് ഇല്ല.

എന്നാൽ മറുവശത്ത് ഡിസ്ലെക്സിയുടെ ശക്തി തുറന്നിടുന്നത് നിരവധി സാധ്യതകളാണ്.സാമൂഹിക മാധ്യമമായ  linkedIn ഈ അടുത്തിടെ വ്യക്തികളുടെ skills  എന്ന വിഭാഗത്തിൽ 'Dyslexic Thinking' എന്ന് പുതിയൊരു സ്കിൽ കൂടി ചേർത്തിരുന്നു.ഇതിന് കാരണം ഡിസ്ലെക്സിയ ഉള്ളവരുടെ ചിന്താധാരകൾക്ക് കൊണ്ടുവരാൻ കഴിയുന്ന  മാറ്റങ്ങളെ തിരിച്ചറിഞ്ഞിട്ടാണ്. ബ്രിട്ടീഷ് സംരംഭകനായ റിച്ചാർഡ് ബ്രാൻസൺ, ആപ്പിൾ ബ്രാൻഡിൻ്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സ്, ഹാരി പോട്ടർ നോവലിൻ്റെ സൃഷ്ടാവായ ജെ.കെ റൗളിങ് തുടങ്ങി സമൂഹത്തിൽ സ്വന്തം ഇടം നേടിയെടുത്ത ഒരുപറ്റം ഡിസ്ലെക്സിയ ബാധിതർ നമ്മുക്ക് പരിചിതരായിട്ടുണ്ട്.

വിദ്യാർഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാതെ അവരെ വിധിയെഴുതുന്ന രാധാമണി ടീച്ചറും അവർക്ക് മുൻപിൽ രാജുവിനെ  പോലുള്ള വിദ്യാർത്ഥികളുടെയും  കഥ വീണ്ടും തുടരും.