കപട സദാചാരത്തിൻ്റെ അപ്പോസ്ഥലന്മാർ

ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും നല്ല രണ്ട് സുഹൃത്തുക്കളായി മാത്രം ഇരിക്കാൻ സാധിക്കില്ലേ...

കപട സദാചാരത്തിൻ്റെ അപ്പോസ്ഥലന്മാർ

ഇംഗ്ലീഷിൽ പലപ്പോഴായി ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ട് ഉണ്ടെങ്കിലും ആദ്യമായാണ് മാതൃഭാഷയിൽ അത്തരം ഒരു ഉദ്യമത്തിനൊരുങ്ങുന്നത്.

എൻ്റെ പേര് അർജ്ജുൻ. കഴിഞ്ഞ 8-10 മാസം ആയി ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തു വരുന്നു. ഞാൻ അടുത്തിടെ ബാംഗ്ലൂരിലേക്ക് നടത്തിയ ഒരു ബസ്സ് യാത്രയിലെ ചില സംഭവങ്ങളും, അതേത്തുടർന്ന് ഞാനും എൻ്റെ സുഹൃത്തായ നിഖിലുമായി നടത്തിയ ഒരു ഫോൺ സംഭാഷണവുമാണ് ഈ ബ്ലോഗിന് ആധാരം.


പതിവിന് വിപരീതമായി ചങ്ങനാശ്ശേരിക്ക് പകരം ഞാൻ ബസ്സിൽ അന്ന് കേറിയത് കോഴഞ്ചേരിയിൽ നിന്നുമാണ്. കൃത്യ സമയത്തു ബസ്സ് വന്നു. അച്ഛനോട് യാത്ര പറഞ്ഞ് ഞാൻ പെട്ടെന്ന് ബസ്സിൽ കേറി.

ബസ്സ് കണ്ടക്ടർ അടുത്ത സ്റ്റോപ്പിൽ കേറാനുള്ളവരെ ഫോൺ വിളിക്കുന്ന തിരക്കിലാണ്. ഞാൻ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. നേരം കടന്നുപോകവേ, ഞാൻ പതുക്കെ കണ്ടക്ടറുടെ ഫോൺ സംഭാഷണം ശ്രദ്ധിക്കാൻ തുടങ്ങി. കണ്ടക്ടർ പുതിയ ഒരു യാത്രികനെ വിളിക്കാൻ ശ്രമിക്കുകയാണ്.

അദ്ദേഹത്തിൻ്റെ മാന്യമായ പതിവ് അഭിസംബോധനയ്ക്ക് ശേഷം എൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആ ഡയലോഗ് എത്തി.

"ഇത് ഈ ബസ്സിൽ നടപ്പില്ല."

ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി. എന്താണ് ഇത്രേം നേരം വളരെ മാന്യമായി സംസാരിച്ചിരുന്ന (എന്നെ സംബന്ധിച്ചിടത്തോളം) ആ വ്യക്തി പെട്ടെന്ന് പ്രകോപിതാനാകാൻ കാരണം. എന്തായിരിക്കും അയാളെ ചൊടിപ്പിച്ചിട്ടുണ്ടാകുക. അങ്ങനെ ചിന്തിച്ചിരിക്കെ അടുത്ത ഡയലോഗ് എത്തി.

"ഞങ്ങളും അരി ആഹാരം തന്നെയാ കഴിക്കുന്നെ... നിങ്ങൾ ഒളിച്ചോടിപോകുവല്ല എന്ന് എന്താണുറപ്പ്... കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ... ഇത് ഇവിടെ നടക്കില്ല മക്കളേ..."

അങ്ങനെ പോകുന്നു അദ്ദേഹത്തിൻ്റെ സംഭാഷണം. അസഭ്യം ഒന്നുമില്ലെങ്ങിലും നമ്മുടെ വിഷയം അദ്ദേഹത്തിൻ്റെ ഭാഷാപ്രയോഗം അല്ലാത്തതിനാൽ ബാക്കി സംഭാഷണം ഞാൻ ചുരുക്കി പറയാം.

2 സുഹൃത്തുക്കൾ (അവരിലൊരാൾ ആൺകുട്ടിയും മറ്റേയാൾ പെൺകുട്ടിയും ആണ്) ഒന്നിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ഒരാൾ കോട്ടയത്തുനിന്നും മറ്റേയാൾ അങ്കമ്മാലിയിൽ നിന്നും കേറും എന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ നിഗമനം ഇവർ കമിതാക്കൾ ആണെന്നും, ഒന്നിച്ചു കേറാത്തത്തിനാൽ ഇവർ ഒളിച്ചോടുകയാണ് എന്നുമാണ് (ഒന്നിച്ചു ഒരേ ബസ്സ് സ്റ്റോപ്പിൽ നിന്നും കേറുമ്പോൾ നാട്ടുകാരും വീട്ടുകാരും അവർ ഒന്നിച്ചാണ് യാത്ര ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടായിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ അനുമാനം).

എന്തായാലും പെൺകുട്ടി കോട്ടയത്തുനിന്നും കേറിയപ്പോൾ കണ്ടക്ടർ പ്രശ്നം ഒന്നുമുണ്ടാക്കിയില്ല. പക്ഷേ അങ്കമ്മാലിയിൽ നിന്നും നമ്മുടെ പയ്യൻസ് കേറിയപ്പോൾ അവൻ്റെ വിവരങ്ങൾ ഒക്കെ പ്രത്യേകം ചോദിച്ചു കുറിച്ചുവെക്കുന്നതും കണ്ടു. എന്തായാലും അവരെ ഒന്നിച്ചിരിക്കാൻ ടിയാൻ അനുവദിച്ചില്ല എന്ന് മാത്രം പറയട്ടെ. ഇതേപോലെ മറ്റൊരു ഫോൺ സംഭാഷണവും ഞാൻ ശ്രദ്ധിച്ചു. ഇവിടെ ഒന്നിച്ചു ജോയിൻ്റ് സീറ്റ് ബുക്ക് ചെയ്ത 2 സുഹൃത്തുക്കൾ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രശ്നം. ഇവർ ഭാര്യ-ഭർത്താക്കന്മാർ ആണോ അതോ, കമിതാക്കൾ ആണോയെന്നതാണ് അദ്ദേഹത്തിൻ്റെ സംശയം. നേരത്തെ ഉന്നയിച്ച അതേ പ്രശ്നം ഉന്നയിച്ച് അദ്ദേഹം അവരോട് തർക്കിക്കുന്നതും അതിനെ തുടർന്ന് അവർ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതുമാണ് ഞാൻ കണ്ടത്.


കണ്ടക്ടർ ചെയ്യതിലെ തെറ്റ് അല്ല, മറിച്ച് എന്തായിരിക്കും അയാളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നതായിരുന്നു എന്നെ അലട്ടിയ പ്രധാന പ്രശ്നം.

ആരോ 2 പേര് എവിടെ നിന്നോ കേറി എങ്ങോട്ടോ പോകുന്നു. അതിനു ഈ ബസ്സ് കണ്ടക്ടർക്ക് എന്താണ് പ്രശ്നം. ഇനി അവർ കമിതാക്കളാണെന്ന് തന്നെ ഇരിക്കട്ടെ, അതിനു ഇയാൾക്ക് എന്താണ് പ്രശ്നം എന്ന സാമാന്യ സംശയം എല്ലാർക്കും ഉണ്ടാകും.

എന്നാൽ ഒന്നു കടന്നു ചിന്തിച്ചാൽ, അദ്ദേഹത്തിൻ്റെ ആ മനോഭാവത്തിന് കാരണം നാം ഉൾപ്പെടുന്ന ഈ സമൂഹം തന്നെയാണ്. നേരത്തെ സമാനമായ ഒരു സാഹചര്യത്തിൽ നാട്ടുകാരും, കമിതാക്കളുടെ വീട്ടുകാരും പോലീസും തങ്ങളോട് പുലർത്തിയ സമീപനം തന്നെ ആയിരിക്കാം കണ്ടക്ടറെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

💡
എന്നാലും ഒരു സംശയം മാത്രം ബാക്കി - ഒരാൾ ഒരു കുറ്റംചെയ്തിട്ട് ഒരു ബസ്സിൽ യാത്രചെയ്താൽ, ആ ബസ്സിലെ ജീവനക്കാർ അതിൽ കുറ്റക്കാർ ആകുന്നതെങ്ങനെ...

1999-ൽ റിലീസായ "നിറം" എന്ന സിനിമയിൽ ജോമോൾ അവതരിപ്പിച്ച വർഷ എന്ന കഥാപാത്രം തൻ്റെ സുഹൃത്തായ എബിയൊട് നടത്തുന്ന ഒരു സംഭാഷണമാണ് എനിക്കാദ്യം ഓർമ്മവന്നത്. ഓരോ കാലഘട്ടങ്ങളിലെയും സമൂഹത്തിൻ്റെ പൊതുബോധമാനല്ലോ അതായത് കാലഘട്ടങ്ങളിൽ ഇറങ്ങിയ സിനിമകളിലൂടെ പറഞ്ഞുവെക്കുന്നത്.

https://www.youtube.com/embed/qITrGWgYOi4?controls=0&start=480

അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ 20-25 വർഷമായിട്ട് നമ്മുടെ പൊതു സമൂഹത്തിൻ്റെ ചിന്താഗതിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നുംതന്നെയില്ല എന്നതിൻ്റെ പ്രകടോദാഹരണമാണിത്. ഇന്നും ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കുകയോ, ഒന്നിച്ചു സഞ്ചരിക്കുകയോ ചെയ്താൽ അവരെ സംശയ ദൃഷടിയോടെയല്ലാത എത്രപേർ ശ്രദ്ധിക്കും.

എന്നിരുന്നാലും പുരോഗമനപരമായ ആശയങ്ങൾ ദൈനംതിനം കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കി വളരുന്ന ഇന്നിൻ്റെ തലമുറയിൽ എനിക്ക് പ്രതീക്ഷയുണ്ട്. ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം പോലെ നേർത്ത ഒരു പ്രതീക്ഷ.