ശാസ്ത്രയുഗത്തിലും നീളുന്ന തോട്ടികൈകൾ

ശാസ്ത്രയുഗത്തിലും നീളുന്ന തോട്ടികൈകൾ

ശാസ്ത്രവും സാങ്കേതികവിദ്യയും ഒട്ടുമിക്ക എല്ലാ മേഖലകളിലും മേൽക്കോയ്മ നേടിയ ഒരു വർഷം ആണ് നമ്മെ കടന്നുപോകുന്നത്. അവയിൽ പലതും ഇപ്പൊൾ നമ്മളുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി തീർന്നവയും ആണ്. OTT streaming platform മുതൽ ഡിജിറ്റൽ കറൻസി വരെ എത്തി നിൽക്കുമ്പോഴും നാം വിസ്മരിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട്. തോട്ടികൾ എന്നറിയപ്പെടുന്ന ശുചീകരണ തൊഴിലാളികൾ.

കേരളത്തിന്റെ സാമൂഹിക ഇടങ്ങളിൽ ഒരുപക്ഷേ ഇവർ അത്ര പ്രസക്തരല്ലായിരിക്കാം. എന്നുകരുതി ഇവരെ നാം കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. ഇനിയും മനസ്സിലാകാത്തവർക്ക് വേണ്ടി,ഓടകളും, മാൻഹോളുകളും, സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യരെ വിളിക്കുന്ന 'ഓമന ' പേരാണ് തോട്ടികൾ.

2021 ലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിൻ്റെ കണക്ക് അനുസരിച്ച് 58,098 പേർ ഈ രാജ്യത്ത് തോട്ടിപണികളിൽ ഏർപ്പെടുന്നുണ്ട്. അതിൽ തന്നെ 42,500 പേരും SC വിഭാഗത്തിൽ പെടുന്നവർ ആണ്.

തൊഴിലിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്യാനും നിയമ പരിരക്ഷ ഉറപ്പാക്കാനും നിരവധി സംഘടനകൾ ഉള്ള ഒരു നാട്ടിൽ ആണ് ഒരു തൊഴിൽ തന്നെ മനുഷ്യാവകാശ ലംഘനമായി തുടരുന്നത് എന്നോർക്കണം. 1993 ജാതി അടിസ്ഥാനത്തിൽ ഉള്ള തോട്ടി ജോലി കേന്ദ്ര സർക്കാർ നിരോധിച്ചിതാണ്. 2013 ലെ manual scavengers and their rehabilitation act പ്രകാരം നിർബന്ധിതമായി തോട്ടി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വീണ്ടും ആവർത്തിച്ചാൽ  ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്, എന്നിരിക്കെ തന്നെ ഈ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തികൊണ്ട് നിർബന്ധിത ശുചീകരണ തൊഴിലിലേക്ക് തള്ളിവിടുന്ന കോൺട്രാക്ടർമാർ ഒരു വശത്തും ഇങ്ങനൊരു തൊഴിൽ ഈ നാട്ടിൽ നടക്കുന്നില്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന ഭരണാധികാരികൾ മറുവശത്തും നിൽക്കുന്നു.

ഇത്തരം ശുചീകരണ ജോലിയുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണം, 2021 സെപ്റ്റംബർ മാസത്തിൽ ഡൽഹിയിൽ നടന്ന രോഹിത്ത്,അശോക് എന്നിവരുടെ മരണങ്ങളാണ്. സ്വീപ്പർ ആയി ജോലി ചെയ്തിരുന്ന രോഹിത്ത് കുമാറും സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തിരുന്ന അശോക് ചണ്ടാലിയയും ആണ്. Delhi Development Authority(DDA) യുടെ കീഴിലുള്ള ഒരു ഫ്ളാറ്റിലെ സെപ്റ്റിക് ടാങ്ക് മാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ രോഹിത്ത് ടാങ്കിലെ വിഷ വാതകം ശ്വസിച്ച് അവശനിലയിൽ ആവുകയും തുടർന്ന് രോഹിത്തിനെ രക്ഷിക്കാൻ ശ്രമിച്ച അശോകും ഇതേ രീതിയിൽ അവശനിലയിൽ ആവുകയും, ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ഇരുവരും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു.

രോഹിത്ത് കുമാറും അശോക് ചണ്ടാലിയുടെയും കേസ് ഒരു ഉദാഹരണം മാത്രമാണ്.  നിരവധി ഉദാഹരണങളിൽ ഒന്നുമാത്രം. ഇവരുടെ മരണം തലസ്ഥാനത്തിന് തിലകക്കുറിയായി ഇന്നും നിൽക്കുന്നു. ആരാണ് ഈ മരണങ്ങൾക്ക്  ഉത്തരവാദി.ആരെയാണ് നാം പഴിക്കേണ്ടത്. ഡിജിറ്റൽ ഇന്ത്യയുടെ വേഗതയേ പിന്നോട്ടടിക്കുന്ന ഇത്തരം പ്രവർത്തികൾക്ക് ആരാണ് കൂച്ചുവിലങ്ങിടുക.